യുദ്ധവിരാമം 

സിന്ധു നദിയിലൂടെ ഒരു തോണി മെല്ലെ കര ലക്ഷ്യമാക്കി  വരുന്നു . തോണി തുഴയുന്ന സുശീല നന്നേ ക്ഷീണിതയായിരുന്നു.

സമയം സന്ധ്യയോടടുക്കുന്നു  .സുശീല തോണി കരയ്ക്കടുപ്പിച്ചു .സിന്ധു നദിയിലെ തെളിനീരിൻറെ  തണുപ്പ് അവരുടെ കാലുകളിൽ തറഞ്ഞു കയറി  തൻറെ  കുടുംബത്തെ ആകമാനം ഇല്ലാതാക്കിയ ആയിരക്കണക്കിന് അമ്പുകൾ ഏൽപ്പിച്ച മുറിവുകൾ ഹൃദയത്തിൽ ശാശ്വതമായ വേദന ഉണ്ടാക്കുന്നു .
സുശീല തോണി നദീതീരത്തെ മരക്കുറ്റിയിൽ കെട്ടിയിട്ടു. തോണിയിൽ വച്ച ഭാണ്ഡകെട്ട് എടുത്തു തൻറെ  കുടിലിലേക്ക്  നടന്നു.
മരക്കൂട്ടങ്ങളുടെ നടുവിൽ തണുത്ത ആകാശം നോക്കി ഒരു കുടിൽ.
നിശബ്ദതയെ കീറിമുറിച്ചുകൊണ്ടു ഒരു കരച്ചിൽ . ഒരു ബാലൻ തൻറെ  പാത്രത്തിൽ ഭക്ഷണം എത്താത്തതിൽ പ്രതിഷേധിക്കുന്നു.  ആ  കുടിലിനുള്ളിൽ തണുപ്പകറ്റാൻ വേണ്ടി മാത്രം അന്ന് തീ കത്തിച്ചിരുന്നു .
 ആ കുട്ടിയുടെ അമ്മ  സ്വന്തം കണ്ണുകൾ നിറയാതിരിക്കാൻ പണിപ്പെട്ടു കൊണ്ട് തൻറെ മകനെ ലാളിക്കാൻ ശ്രമിച്ചു.കുതിര ഓടുന്നതുപോലെ നടിച്ചു. എങ്കിലും കുടിലിനു പുറത്തേക്കു ശബ്ദം പോകാതിരിക്കാൻ ആ യുവതി  പ്രത്യേകം ശ്രദ്ധിച്ചു .
കതകിൽ പ്രത്യേക താളത്തിൽ മുട്ടുന്നുണ്ട് ആരോ , പുറത്തുനിന്ന് .
    ടക് …ടക് …
    ടക് …ടക് …
“‘അമ്മ ” യുവതിയുടെ മുഖം തെളിഞ്ഞു .
“മുത്തശ്ശി” കുട്ടി തുള്ളിച്ചാടി.
ഭാണ്ഡം താഴെ വച്ച് സുശീല കുട്ടിയെ വാരിയെടുത്ത് ഉമ്മവച്ചു .
കുട്ടി മുത്തശ്ശിയുടെ ഭാണ്ഡത്തിൽ കൈയിട്ടു ഒരു മാങ്ങ  എടുത്തു കഴിക്കാനാരംഭിച്ചു.
തണുപ്പകറ്റാൻ സുശീല  തീയുടെ  നേരെ കൈകൾ നീട്ടി .
കനൽ പോലെ എരിയുന്നത് സുശീലയുടെ മനസ്സ്.
സധൂര  ഭാണ്ഡത്തിൽ നിന്ന്  ധാന്യങ്ങളും പഴങ്ങളും സൂക്ഷിച്ചു എടുത്തു വച്ചു . ഒരു പാത്രത്തിൽ കഞ്ഞി ഉണ്ടാക്കി സധൂര  സുശീലക്കു നൽകി . സുശീല കുറച്ചു ചെമ്പു നാണയങ്ങൾ സധൂരയെ  ഏൽപ്പിച്ചു .
സന്ധ്യ രാത്രിക്കു വഴിമാറി .
യാത്രാക്ഷീണം  സുശീലയെ അലട്ടിയില്ല.ചെറുമകനെ  കെട്ടിപ്പിടിച്ചു അവനു താരാട്ടുപാടിക്കൊണ്ടിരുന്നു..  സധൂര നല്ല ആഴത്തിലുള്ള ഉറക്കമായി .
സുരഥൻറെ  മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് അവൾ മുക്തയാകുന്നതേ  ഉള്ളൂ. ക്ഷത്രിയ സ്ത്രീകൾ കരഞ്ഞു തളരാറില്ല .
ഇന്ന് മാതളപ്പഴങ്ങൾ വാങ്ങാനെത്തിയ ആളിൽ നിന്ന് താൻ കേട്ടത് ശുഭവാർത്തയായിരുന്നില്ല .
സാക്ഷാൽ അർജ്ജുനൻ  യാഗാശ്വവുമായി മുന്നേറുന്നു. തടയാൻ ശ്രമിച്ച രാജാക്കന്മാരെല്ലാം തലയറ്റു വീണു.
 തൻറെ  മകൻറെ  ദാരുണമായ മരണത്തെക്കുറിച്ചു  ഓർക്കാൻ പോലും സുശീല ഭയന്നു .
രാജ്യത്തു ശത്രു സൈന്യത്തിൻറെ  നിഴൽവീണപ്പോഴേക്കും  തൻറെ  പുത്രൻ പഴുത്ത ഇല പോലെ തളർന്നു വീണു . യോദ്ധാവിനെ പോലെ വീരചരമം നേടാൻ ഭാഗ്യമില്ലാതെപോയ കുമാരൻ.
 സ്ത്രീകൾ എങ്ങനെ യുദ്ധം ചെയ്യും?
സ്വന്ത ജീവിതത്തിൽ വിധിക്കു മേൽക്കൈ നൽകിയ തൻറെ  അമ്മ.
അവർ ചിന്തിച്ചിരുന്നോ? ശബ്‌ദിച്ചിരുന്നോ ?
ഇപ്പോൾ താൻ ചിന്തിച്ചേ മതിയാകൂ!പ്രവർത്തിച്ചേ  മതിയാകൂ !
ഭയന്ന് വിറക്കാനെ  കഴിഞ്ഞുള്ളു,കുരുക്ഷേത്രയുദ്ധം തുടങ്ങാനുള്ള തീരുമാനം  അറിഞ്ഞപ്പോൾ. ഞാണിൽ  ചേർത്ത ശരം  പോലെ തൻറെ  ജീവിതം.
 മുന്നോട്ടു പോവുക .
ലക്ഷ്യത്തിലെത്തുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം .
സിന്ധു രാജധാനി വിട്ടു  ഓടിപ്പോന്നത്  സധൂരയുടെ  ജീവിതത്തിൽ ഈ പിഞ്ചുകുഞ്ഞെങ്കിലും അവശേഷിക്കണം എന്നതുകൊണ്ട്.
പക്ഷെ തൻറെ  ശ്രമങ്ങൾ പാഴാവുകയാണോ? ചെറുത്തുനിൽക്കാൻ തനിക്കു കഴിയുമോ?
യുദ്ധത്തിന് എന്താണ് യഥാർത്ഥ പരിഹാരം?
സിന്ധു രാജധാനി ലക്ഷ്യമാക്കി വരുന്നത് പാണ്ഡവപ്പട .
തങ്ങളുടെ ഒളിയിടം അവർ അനായാസം കണ്ടെത്തും. പട നയിക്കുന്നത് മറ്റാരുമല്ലല്ലോ !
സാക്ഷാൽ അർജ്ജുനൻ !
തൻറെ  ജ്യേഷ്ഠൻ !
പക്ഷെ ബന്ധുക്കൾ ശത്രുക്കളാണിപ്പോൾ!
സിന്ധു ദേശത്തു യാഗാശ്വം പ്രവേശിച്ചാൽ  തൻറെ   കൊച്ചുമകൻറെ  ജീവൻ അപകടത്തിലാകും .സുശീല ആകെ തളർന്നു . തൻറെ  ചെറുമകൻറെ  ജീവൻ  നിലനിറുത്തണമെങ്കിൽ യുദ്ധം ഓഴിവാകണം .
അതിനു അർജ്ജുനൻ  തീരുമാനിക്കണം . താൻ എന്ത് ചെയ്യും?
എങ്ങനെ അർജ്ജുനനെ  കാണും?
അദ്ദേഹം തന്നെ കാണുന്നത്  അനുജത്തിയായിട്ടാകുമോ അതോ  ശത്രു രാജ്യത്തെ റാണി ആയിട്ടാകുമോ?
തനിക്കു മുളച്ചുവരുന്ന  ഒരു ചെടിയുടെ ശക്തിപോലുമില്ല.
വേരുകൾ ആഴ്ന്നിറങ്ങിയിട്ടില്ല.
കാറ്റും,മഴയും,മഞ്ഞും ,വെയിലും നേരിട്ട് ശീലമില്ല.
സ്വന്തം അസ്തിത്വത്തെ മനസ്സിലാക്കിയിട്ടില്ല .
അന്ധനായ അച്ഛൻറെ  മകൾ .
വിധിയെ മാറോടണച്ച  അമ്മ .
അധർമ്മം കൈമുതലാക്കിയ സഹോദരന്മാർ .
താൻ എന്തോർത്തു അഭിമാനം കൊള്ളും ?
ഒന്നുകൂടി തലതാഴ്ത്തേണ്ടി വന്നു സിന്ധുരാജൻറെ  റാണി ആയപ്പോൾ. തനിക്കു സഹിക്കാവുന്നതിലും അധികമായ നീച പ്രകൃതമായിരുന്നു  അദ്ദേഹത്തിൻറെത്‌  സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത ആൾ.
ജയം വിലകൊടുത്തു വാങ്ങാം .അഭിമാനമോ?
തൻറെ  സീമന്തരേഖയിലെ സിന്ദൂരം അന്ന് നിലനിന്നത് പാണ്ഡവ ഏടത്തിയുടെ ഔദാര്യം .!
സുരഥൻ  ഭയന്ന് മരിച്ചപ്പോൾ  താൻ ധാരാളം ആളുകളുടെ അമ്പരപ്പ് കലർന്ന നോട്ടങ്ങളുടെ നടുവിൽ  തലകുനിച്ചിരുന്നു.
 തനിക്കു ഒരിക്കലും തല ഉയർത്താനായിട്ടില്ല.!
തൻറെ  ചെറുമകൻറെ    ജീവൻ രക്ഷിക്കാൻ യുദ്ധം ഒഴിവാക്കിയേ തീരൂ . അതിനു താൻ  അർജുനനെ കണ്ടേ മതിയാവൂ. തൻറെ ദയനീയാവസ്ഥ അദ്ദേഹത്തെ  അറിയിക്കണം. അദ്ദേഹത്തിൻറെ  നിയന്ത്രണത്തിലുള്ള യുദ്ധം അവസാനിപ്പിക്കാൻ അപേക്ഷിക്കണം.
ഒരു രഥത്തിലായിരുന്നു സുശീലയുടെ മടക്കയാത്ര.
മറ്റൊരു രഥത്തിൽ സധൂരയോടും പരിചാരികയോടും ഒപ്പം തൻറെ  തങ്കക്കുടം .    അവൻറെ  തലയിൽ സ്വർണ്ണക്കിരീടം . പിന്നിലായി കുതിരപ്പട്ടാളം.
സിന്ധുരാജകൊട്ടാരത്തിലേക്കു ഒരു മടങ്ങിവരവ് .അർജ്ജുനൻ പട്ടാഭിഷേകം നടത്തിയ പുതുസിന്ധുരാജൻറെ  എഴുന്നള്ളത്ത് .
 സുശീല തലയുയർത്തിപ്പിടിച്ചിരുന്നു . സുശീല അഭിമാനത്തോടെ ഗോതമ്പു പാടങ്ങൾക്ക്  നടുവിലൂടെ യാത്രചെയ്തു .
സ്വർണ്ണ  നിറമാർന്ന  കതിരുകൾ ഇളംകാറ്റിൽ ചാഞ്ചാടി . അവ രക്തം വീണു ചുവക്കാതിരുന്നത് സുശീല അർജ്ജുനനെ  കണ്ടത് കൊണ്ട് , യുദ്ധം ഒഴിവാക്കാൻ ആവശ്യപ്പെട്ടത് കൊണ്ട്.!
 
 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.