നാടും കാടും

ഭക്ഷണം തേടിയലയുന്നു ഞാനുമിനിയിന്ന്
കാട്ടിലും മേട്ടിലും കായ്‌പിടിക്കാത്ത പാഴ്മരച്ചോട്ടിലും
കത്തുന്ന വയറെനിക്കുണ്ട്, കായുന്ന മനസ്സും
കാത്തിരിക്കുന്നെൻറെ വരവിനായാ പിന്മുറക്കാർ
തീർക്കണം ഞാനവർക്കായ് ആശ്രയം
കണ്ടുവച്ചിരുന്നു ഞാനിവിടെ വിശപ്പിന്നുത്തരം
മൂത്തു പഴുത്തു വിളഞ്ഞു നിന്ന പൊൻപ്രതീക്ഷകൾ
കൊടുംകാറ്റത ദൂരെ പിഴുതെറിഞ്ഞാൽ
മലയിടിഞ്ഞു മണ്ണുവന്നു മൂടിപുതഞ്ഞാൽ
ഞാനുമെൻ കനവുകളും വഴുതിവീഴുന്നു തകരുന്നു

വിശന്നിട്ടു ഞാൻ കാടുകേറി നിലമൊരുക്കാൻ മരമറുത്തു
വിശന്നിട്ടു ഞാൻ പാടത്തിറങ്ങി വാഴക്കുല ചീന്തി

കാറ്റിനെ ജയിക്കാൻ പാറ തകർത്തു വീടൊരുക്കി
തൊണ്ടനനയ്ക്കാൻ നഗരമിളക്കി നിരത്തിലിറങ്ങി

മുന്നിൽ നിൽക്കുന്നതാര് ? വഴിമുടക്കുന്നതാര് ?

നരിയോ നരനോ ?
പന്നിയോ മന്നനോ ?
ആനയോ മാനവനോ?

ഒരു വെടിയൊച്ച !
സൂത്രമറിയുന്നവൻ അവൻ!

വന്ദേ ഭാരതം 

സീമകളില്ലാത്ത മനുഷ്യസ്നേഹം തേടി
സൂക്ഷിച്ചെടുത്തിതെൻ  സാധനങ്ങളുമായി
തിരിച്ചുവരുന്നിതറിഞ്ഞതിനാൽ
ഓരോ സായാഹ്നവും തന്ന ശുഭവർത്തമാനം
സുരക്ഷിതമല്ലിന്നു മറുനാട്ടിലെൻ ജീവിതം
ദൈവത്തിന് സ്വന്തനാട്ടിൽ കിട്ടുമെനിക്കാശ്വാസം
ഭയന്നുവിറച്ചു ഞാൻ  അകലെയീ  മരുഭൂവിൽ
പണിയില്ല പണമില്ല മരണമടുക്കും പദനിസ്വനം
സൂര്യനുദിച്ചുയരുന്നതിൻ  മുൻപേ , വേഗം
വന്നെത്തണമെൻ  നാട്ടിൻ  മടിത്തട്ടിൽ
അടഞ്ഞ വാതിലുകൾക്കപ്പുറം  തനിച്ചിരിക്കാം
കാണാതൊരുമുഖവും , ജാഗ്രതയോടെ .
ഈ   നാടെൻറെ , നാട്ടാരെൻറെ

സമയം

 

സമയമെന്തിനു  പാഞ്ഞടുക്കുന്നു                                                                                    സമയം ചോരാതെ പറന്നകലുന്നു
പറഞ്ഞുവന്നാൽ
ഇപ്പോൾ
ഇന്നലത്തെ അതെ  സമയം.
നാളെ വീണ്ടും ഇതേ  സമയം
കാലങ്ങളായി ഒരേ  സമയം
എന്നിട്ടും സമയം കിട്ടിയില്ല
സമയം കാത്തുനിൽക്കില്ലാർക്കുവേണ്ടിയും
എങ്കിലും കാത്തിരിക്കാം സമയം തെളിയാൻ
സമയമപഹരിക്കും മാർഗ്ഗങ്ങളനവധി
സമയമടുക്കുവോളം  മുഴുകുന്നു നാമതിൽ
സമയം   ഇഴഞ്ഞു നീങ്ങുകിലും,   രഥമേറിയുരുളുകിലും
സമയമത്തിന് മൂല്യമമൂല്യം .
നല്ല സമയത്തു  കൂടുമാളുകൾ
കെട്ട  നേരത്തു  കാണുകയില്ല നിഴലും
നിലാവിലും തണൽ തേടുവോരവർക്ക്
കൂട്ടുപോകുവാൻ  കുടപിടിക്കുവാൻ
സമയം നീക്കി വെക്കുമോ?
തനിച്ചിരിക്കുന്ന സമയം
ചിറകുയർത്തിപ്പറക്കുന്നവർ  തിരിഞ്ഞു നോക്കിയാലെന്ന്
ആശിച്ച സമയം
തിരക്കേറുമ്പോൾ ഓർക്കുവാനെവിടെ സമയം ?
സമയം  തീർന്നതറിഞ്ഞു!
തിരികെ കിട്ടില്ലല്ലോ ഇനി സമയം !

ഒറ്റമരം (Lonely  tree )

നനഞ്ഞ സായാഹ്നം .
സൂര്യ പ്രകാശം മേഘങ്ങൾക്കിടയിലൂടെ പുറത്തുവരാൻ വഴി കാണാതെ കുഴങ്ങി . സൂക്ഷിച്ചു നോക്കിയാൽ മാത്രം വ്യക്തമാകുന്ന രൂപങ്ങൾ .
നിശ്ചലമായ പ്രകൃതി .
നേർത്ത തണുപ്പ് കുന്നിൻ ചെരിവിലൂടെ പറമ്പിലേക്ക് അരിച്ചിറങ്ങി .

നനഞ്ഞ ഇലകളിൽ നിന്നും ഇറ്റു  വീഴുന്ന  ജലകണങ്ങൾ അവിടെ സംഗീതമായില്ല. പറമ്പിൽ മ്ലാനത താളം കെട്ടി നിന്നിരുന്നു .

സന്ധ്യക്ക്‌ കൂടണയാൻ എത്തുമെന്ന് പ്രതീക്ഷിച്ച കിളി  വന്നില്ല!
ഇനി ഒരിക്കലും വരില്ലായിരിക്കും !
കൂടു അവിടെ   ഉണ്ടായിരിക്കില്ല !

സന്ധ്യ ഇരവിന്‌  വഴിമാറിയിട്ടും  മരത്തിൽ നിന്ന് ചെറിയ കിളി കുഞ്ഞുങ്ങൾ ഇടയ്ക്കു ചിലക്കുന്നതു  കേൾക്കാനേയില്ല .

കൂടു അവിടെ ഉണ്ടായിരിക്കില്ല !

സസ്യങ്ങളെല്ലാം സ്നേഹത്തിൻറെ  അടയാളങ്ങളായിരുന്നു.

മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും  പൂച്ചെടികളും  എല്ലാം. അവിടെ എന്തെല്ലാം ജീവികൾ ഉണ്ടായിരുന്നു
നല്ല  ഭംഗിയുള്ള പൂമ്പാറ്റകൾ  , അവയ്ക്കു തേൻ നുകരാൻ നാനാ   വർണ്ണ പ്പൂക്കൾ  , മരച്ചില്ലകളിൽ ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാർ  പഴുത്ത മാങ്ങകൾ കൊത്തിത്തി ന്നുന്ന   പക്ഷികൾ .
സ്നേഹം ഒന്ന് മാത്രം ഉണ്ടായിരുന്നവിടെ.
ഇടയ്ക്കു  സന്ദർശനത്തിനെത്തുന്ന പാണ്ടൻ പോലും   ചെവിതാഴ്ത്തി , വാലാട്ടി  സമയമാകുമ്പോൾ  മടങ്ങും..
  —————————————

നന്മ മാത്രം ഉണ്ടായിരുന്ന  ആ പറമ്പിൽ ആദ്യം അസ്വസ്ഥത പടർത്തിയത്  അവരാണ് .

മറ്റേതോ ഭാഷ ഉറക്കെ സംസാരിച്ചു , അടുപ്പു കത്തിച്ചു  ഭക്ഷണമുണ്ടാക്കിക്കഴിച്ചു  അവർ മടങ്ങുമ്പോൾ  ചാമ്പ നിന്നിരുന്നിടത്തു  സ്കൂൾക്കുട്ടിയുടെ   ചിത്രമുള്ള കൂറ്റൻ പരസ്യ ബോർഡ് ഉയർന്നിരുന്നു .
ഒന്നും മനസ്സിലാവാതെ നിന്ന ഇലഞ്ഞിയെ മന്ദാരം  സഹായിച്ചു.
” കുട്ടികൾ  ഇവിടെ കളിക്കാൻ വരും അത് തന്നെ”.
“ധൂളി പറത്തി  കുട്ടികൾ കളിച്ചു തിമിർക്കുന്നതു കാണാൻ ചാമ്പ ഇല്ലല്ലോ “
പേര മരം  ഗദ്ഗദമടക്കാൻ  പാടുപെട്ടു . ” പനിനീർ ചാമ്പയ്ക്ക  കുട്ടികൾക്കെല്ലാം  എന്തിഷ്ടമാണ് . എന്നിട്ടും അതെന്തിന് വെട്ടിക്കളഞ്ഞു?”
“നിറയെ നിശറല്ലേ “
കിളവി നെല്ലി കാരണം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.

“നിശറു  കടിച്ചാൽ  കുട്ടികൾ  വരുമോ?”

നെല്ലി തന്നെ പറ്റി  പറഞ്ഞതാണെന്ന്  പേരയ്ക്കു തോന്നി.
എന്തോ ഒരു സമാധാനക്കുറവ്  വള്ളികളെ പ്പോലെ  സൂക്ഷ്മമായി പടർന്നു കയറി .
സാക്ഷികളായി  നിന്ന സസ്യങ്ങൾ ഓരോന്നായി വീണു .
അവ മഴുവിൻറെ വെട്ടേറ്റു  വീണു
കിളിക്കൂടുകൾ താഴെ  വീണു
മുട്ടകൾ  പൊട്ടിച്ചിതറി .
പഴങ്ങളെല്ലാം  പണിക്കു വന്ന ആളുകൾ  പങ്കിട്ടെടുത്തു .
പുസ്തകത്താളുകളിൽ  വയ്ക്കാൻ പോലും ആരും പൂക്കളിറുത്തെടുത്തില്ല .
അവ ചതഞ്ഞരഞ്ഞിരുന്നു.

വിത്തുകൾ പോലും  സൂര്യനെക്കാണാതെ  തകർന്നടിഞ്ഞു ഇലകൾക്കൊപ്പം ചാരമായി മാറി. യന്ത്രക്കൈകൾ മുരണ്ടുകൊണ്ടു  വന്നു പറമ്പു ഒരു പാഴ്‌മരുവാക്കി  മാറ്റി .

ആളുകളുടെ എണ്ണം കൂടി വന്നു .യന്ത്രങ്ങളുടെ ഹുങ്കാര  ശബ്ദവും.
ഇരമ്പി വന്ന വലിയ വാഹനങ്ങൾ അതിർത്തി വരച്ചതിനപ്പുറം  കല്ലും മണലും  കൂട്ടിയിട്ടു  . ഈ പറമ്പു പൂർണ്ണമായി രൂപാന്തരപ്പെട്ടിരിക്കുന്നു !
 ഒരു മൂവാണ്ടൻ മാവ് മാത്രം  വെട്ടുകൊള്ളാതെ  പറമ്പിൻറെ  മുൻപിൽ തന്നെ പടർന്നു പന്തലിച്ചു  നിന്നു .
ആരും കൂട്ടില്ലാതെ !
ഒറ്റയ്ക്ക് !
ഒറ്റമരം !
               ————————————————
ഒറ്റയ്ക്കായിരുന്നില്ല !
ഒരു കാവൽക്കാരനുണ്ടായിരുന്നു കൂട്ടിന്‌.

ഒറ്റമരമായതുകൊണ്ടു ഞാൻ ഒരുപാട് സൂക്ഷിച്ചു നിന്നു ..

ഓരോ മനുഷ്യനെ കാണുമ്പോഴും , വാഹനങ്ങളുടെ ഭയങ്കരമായ ശബ്ദം കേൾക്കുമ്പോഴും  ഞാൻ പേടിച്ചു. വാളുകൾ  എന്നെ അറുത്തെടുക്കുന്നതു ഞാൻ പേടിസ്വപ്നം കാണാറുണ്ട് .
ഞാൻ ഞെട്ടും .
ഒറ്റമരത്തിൽ കൂടുവച്ചിരുന്ന കിളി  അപ്പോൾ  ചിറകടിച്ചു കരയും!
കാവൽക്കാരൻ ഇരിക്കുന്ന കസേരയുടെ മുകളിൽ ഞാൻ തണൽ വിരിച്ചു . രാവും പകലും മൂത്രപ്പുരയുമായി . അയാളുടെ തൊപ്പി എൻറെ  ചില്ലയിൽ തൂക്കി .
———————————————————–
‘സാധ്യമെങ്കിൽ   ഈ മരം വെട്ടിക്കളയണ്ട”  സാരിയിൽ  മനോഹരിയായ മാന്യ വനിത പറഞ്ഞു.
“വേണ്ട ! ഇതിൻറെ  ഇലകൾ വീണു സ്കൂളിൻറെ  മുൻവശം  വൃത്തികേടാകും . അത് കണ്ടാൽ  കുട്ടികളെ ഇവിടെ ചേർക്കാൻ വരുന്ന  മാതാപിതാക്കൾ നമ്മുടെ സ്കൂൾ വൃത്തിഹീനമായ  സമീപനമാണ് കൈക്കൊള്ളുന്നതെന്നു  കരുതും “
ചുണ്ടുകൾക്ക് മുകളിലും താഴെയും മാത്രം രോമമുള്ള തടിയനായ മനുഷ്യൻ  തീരുമാനമെടുത്തിരുന്നു !
    ——————————————————-
വൈകുന്നേരം .
ഇന്നാട്ടിലെ  പുതിയ വിദ്യാലയത്തിൻറെ  നിഴൽ പറമ്പിൽ നിറഞ്ഞു .
അവിടെ എൻ്റെ  നിഴൽ ഉണ്ടായിരുന്നില്ല!
ഞാനും ഉണ്ടായിരുന്നില്ല !
illustration Shreya SusanZacharia

സൗന്ദര്യലഹരി 

 ഇന്നേതു സുന്ദരവർണ്ണമണിയും ഈ കാനനം
                                            പക്ഷിമൃഗാദികളും
കൊന്നപ്പൂക്കൾ നിറയെ വിരിഞ്ഞു സ്വർണ്ണ
                                                    ശോഭായണിഞ്ഞിവിടം .
സുന്ദരമീ ഹരിതവർണം മൂടി നിൽക്കും
                                                 മരത്തലപ്പും
മറഞ്ഞിരിപ്പുണ്ടവിടെ ചിറകുനീർത്തി-
                                                 പ്പറക്കാനൊരു കിളി .
കളകളം പാടി പറന്നുപൊങ്ങുമിനി വാനിലീ
                                                  മഞ്ഞക്കിളി
മധുരമൂറും  പഞ്ചസാരപ്പഴം ,കാറ്റിലാടും  മാമ്പഴവും
                                                          വിരുന്നാകുന്നു .
പക്ഷികളിലഴകേറും  മയിൽ പീലി നീർത്തും
                                                             നേരം
മഴമേഘങ്ങളാർത്തു  മണി മുത്ത്
                                                     പൊഴിക്കുന്നു .
മണ്ണിലേക്കുൾവലിയാൻ മടിച്ച ജലം ,സുന്ദരമൊരു
                                                                       കാഴ്ചയതിൽ
 ഉയരെ തെങ്ങിൻ തലപ്പും അവിടെ ചിറകു നനഞ്ഞ
                                                                      കിളിയും .
ഭൂവാസികൾ തണൽതേടിയെത്തും മര-
                                                              ച്ചോട്ടിലൊരു
 മെത്തയൊരുക്കുന്നു  പുൽനാമ്പുകൾ ജലകണം
                                                                          പേറി.
നീരാവിയായിനി  വീണ്ടും ഉയരും  ജലപ്പരപ്പിൽ
                                                                 നിന്നും
നിറഞ്ഞൊഴുകും പുഴയായും കടലലയായും
                                                                      ഉയരും .
സുന്ദരമീ കാഴ്ചകൾ ,മനസ്സ് നിറഞ്ഞുകവിഞ്ഞൊഴുകും
                                                                                 ലഹരി
തീരുമോ നാളെയിതെല്ലാം ഓർമ്മയായി ,കണ്ടുമറന്ന
                                                                                   കിനാവായി .
ഇടറിവീണ പ്രകൃതി ,മണ്ണടിഞ്ഞ ശോഭ,  ഭൂമിക്കിനി
                                                                       എവിടെ ഭംഗി ?
നുരപൊന്തുകയില്ല ചുടുമണലിൽ ,നദി പതഞ്ഞൊഴുകുമോ
                                                         തീയിലമരും കാട്ടിൽ?

മേഘസന്ദേശം 

 

ഉയരങ്ങൾ താണ്ടുമ്പോൾ കിളി
തെന്നി നീങ്ങുമൊരു  മേഘത്തെ കണ്ടു .
പോകുവതെങ്ങോട്ടു നീ പാറി
അറിയുന്നുവോ , കാറ്റിലൊഴുകി , ഗതിമാറി
നിൻ നിറമാട്ടെ നിനക്കില്ലുറപ്പു
പകരുന്നു സൂര്യൻ നിറഭേദമെല്ലാം
ഞാനെന്നുമീ  പനംതത്ത  പച്ചക്കിളി
മാറുന്നു നീയിനി കരിമേഘമായി, ഇടിമുഴക്കി .
art by Shreya Susan Zacharia
നീ ചിലപ്പോൾ ഒരു നനുത്ത തൂവൽ  പോലെ
വാനമാം  വയലേലകളിൽ മെയുമാടുപോലെ
മേഘസ്തംഭത്തിലൊളിച്ചിരിക്കും നഭസ്സിലുള്ളതൊക്കെ
ഭൂമിക്കു മുകളിലൊരു കുടയായി ,മഴയുടെ വഴിയായി .
ഞാനീ  ജീവിതം പാറി തിമിർക്കുന്നു
നീ കുളിർമഴയായി  പെയ്തു മണ്ണിലലിയുന്നു
നന്മ ചെയ്യുവാൻ സ്വയം ഉലഞ്ഞലിഞ്ഞ   നിന്നെ  ആരറിയുന്നു
തീ പാറും മിന്നലിലുരുകി വീണ നിന്നെ ആരോർക്കുന്നു
തത്തക്കിളി  നീ മറന്നുവോ ? കാണുമിവിടെൻ
ഓർമ്മയായ്  ഒരു പുൽമേടും ആമ്പൽകുളവും
പൂത്തുനിൽക്കുമീ  തണൽ മരങ്ങളും
മാനത്തു മായാതെ പുഞ്ചിരിക്കുന്നൊരു മാരിവില്ലും .

ഒരു പരിശ്രമം 

സേവനം സമൂഹത്തിനു  ചെയ്യണം
ദൃഢ പ്രതിജ്ഞ യെടുത്തു  ഞാൻ .
ഇന്നുറക്കമുണർന്നയുടൻ !
ധവള വർണ്ണമണിഞ്ഞു പതയും
ചുടു ദുഗ്ദ്ധം കൈതട്ടി താഴെവീണല്ലോ !
അല്ലായിരുന്നെങ്കിൽ !
വിശന്നുനിൽക്കുമാ വഴിവക്കു കുടിലിലെ
കരയുംഉണ്ണിക്കു പകുതി നൽകിയേനേ  ഞാൻ .
സൃഷ്ടിയോരോന്നും  കടന്നെത്തുമീ
ശാന്തമൂകമാം  അന്ത്യഗോപുരം .
സന്ധ്യയാകുമ്പോൾ നോക്കിയിരിക്കുന്നതിലേക്കവർ  സൂക്ഷ്മം !
നേരമൊട്ടുമിന്നില്ലെനിക്ക്
അല്ലായിരുന്നെങ്കിൽ !
കൂടെയിരുന്നു കേട്ടറിഞ്ഞേനേ ,
പല അമ്മൂമ്മക്കഥകളും
അപ്പൂപ്പൻ താടിയിലൊളിക്കും ഓർമ്മകളും .
ധീരനായ ജവാനെപ്പോൽ
ജീവിതമടർക്കളമായവർ
വേറിട്ട ശേഷി കൊണ്ടു  വിസ്മയം തീർക്കുന്നവർ
സന്നദ്ധ പ്രവർത്തനം നടത്താം  അവർക്കായി .
ഡിസംബർ മൂന്നിന് !
എനിക്കറിയില്ലല്ലോ
അവർക്കെന്തു വേണമെന്ന് .
ഒരധരവ്യായാമം , അർത്ഥശൂന്യമായ വാക്കുകൾ
പറഞ്ഞു തീർത്താലോ ?
പത്രത്തിലിട്ടാലോ?
“തെരുവുനായ്ക്കളലഞ്ഞു  നടക്കുന്നോ ?
കടലിരമ്പി കരകവർന്നെന്നോ?”
(മാലിന്യം ഞാനെവിടെ മറയ്ക്കും ?)
“തളരുന്ന ഭൂമി! തകരുന്ന അമ്മ!
 മാസങ്ങളായി മൂടുന്ന പുക “
ഞാനിപ്പോൾ ഏതു ശരിയാക്കും?
സകലതും സങ്കടകഥയല്ലോ
ആശയക്കുഴപ്പം !
ആശയകന്നു!
സാമൂഹ്യ സേവനം പിന്നെയാകട്ടെ !

ഉയരും കേരളം

1

നവകൈരളി

Image result for rise up kerala

 

ഞാൻ സൂക്ഷിച്ച  സ്വപ്നം ,
എന്നുദ്യാനത്തിലെ പുഷ്പം
വിടർന്നിരുലന്നങ്കിെലിവ രണ്ടും !
ഒഴുകിമറഞ്ഞവ തോരാ മഴപ്പാച്ചിലിൽ .
കഴുകി ഉണങ്ങിയ മനസ്സുകളിൽ ഇനി
നിറച്ചു വയ്ക്കാം    കരുതൽ , പകരാം                                                                     സ്നേഹം അന്യോന്യം കലർപ്പില്ലാതെ!

പണിതുയർ ത്താം ഒരുമ, വേർതിരിവെന്തിന് ?
പുതു  പുൽക്കൊടിയോരോന്നും  ഉയരണം                                                   നെഞ്ചോടണച്ചീ മലയാളമണ്ണിനെ                                                                        കാവുകളും കുളങ്ങളും മടങ്ങി വരുമോ  ?
കാവൽ നിന്ന മലകൾ   നിലതെ  റ്റി , വഴിമറന്നു പുഴകൾ .

മറക്കരുതിനി  നഷ്ടമായ ജ്ഞാനം .ഇനിയും
കേരളമുയരണം ചെളി തുടച്ചു നീക്കി
ഒരുമനമായൊരു  ലക്ഷ്യമെത്താൻ
കരുത്തു പകരാം കൈകോർക്കാം .

സംരക്ഷിക്കുക, നാടിനെ  നാമറിയുക
നാശ മൂട്ടിയ   ശീലങ്ങളെ  പിഴുതെറിയാം .
മിന്നും മാതൃക ലോകം കാണും
അതിജീവനം , നവകൈരളീചരിത്രമെഴുതും .

 

2

മലയാള മണ്ണ് 

കളമൊരുങ്ങുന്നുണ്ടീ മണ്ണിൽ  മലയാളനാട്ടിൽ

കാലത്തിനൊപ്പം  കുതിക്കാൻ  വഴി തെളിക്കാൻ

ആതുരമല്ലിവിടെ  സംസ്കാരം ,കലയും വിദ്യയും

സുസജ്ജം ,പിണക്കം  മറന്ന പ്രകൃതിയും .

 

ജീവദായകമീ  മണ്ണും മലനിരയും കടലിരമ്പവും

സൂചനയെന്നുമി വിടുണ്ട്  മുന്തിയ പ്രതിഭതൻ

ഇന്നും  പിൻബലമവർ  പകർന്നുതന്ന ശക്തി

ഈ നാടിനുവേണ്ടി  സ്വയം മറന്നു നിലകൊണ്ടവർ!

 

പൈതൃകത്തിൻറെ   സംസ്കാരം 

നയന മനോഹര സാഫല്യം

തൂണിലും  കൽത്തിട്ടയിലും

പേരെഴുതി ഞാനെന്നുടെയും
എൻ സ്വപ്നനായികയുടെയും
ഓർമ്മവേണംമെന്നുമെന്നെ
ഷാജഹാനൊടൊപ്പം  കാണണം !
ഈ ചുവർ ചിത്രമെഴുതിയതാരായാലും
ഇന്നു മുതൽ സന്ദർശകർ അതറിയണം  എൻറെ  പേരിൽ !
സൂര്യബിംബത്തിനുണ്ടൊരു  രഥമുരുളാൻ
തല്ലിയുടച്ചു  ഞാൻ പുതുകാല ചക്രം  രചിക്കും.
നാളെ ജനമറിയും
ഞാനുമിവിടുണ്ടെന്നു !
അശോകനെപ്പോലെ  എനിക്കുമുണ്ട്  തത്വചിന്തകൾ
കോറിയിടും കുപ്പിച്ചില്ലിനാൽ
സുപ്രധാന കല്പനകൾ .
ഭൂതകാലമറിയില്ല  എന്നെ ,
“പ്രശസ്തി ” രചിക്കും ഞാനെനിക്ക്
നാളെ ഞാനുമറിയപ്പെടും മഹാനായി .
“സംസ്കാരം ”   എനിക്കപരിചിതം
സാമൂഹ്യപാഠം എനിക്കന്യം .
ചേര ചോള  സാമ്രാജ്യം  ഒരു കെട്ടുകഥ !
രാജശില്പത്തിൻറെ  മുഖത്തുതുപ്പി  ചെവിയറുത്താൽ
മായുമോ സൂക്ഷിച്ചു  വച്ച സ്മരണകൾ ?
ചരിത്രത്തിലിടം നേടുമോ ഞാൻ ?
സൂത്രധാരൻ ഞാൻ , ഛായാഗ്രാഹകർ പകർത്തട്ടെ
“സംസ്കാരം”  ഈ  പൈതൃകത്തിൻറെ !
ജനപദങ്ങളുടെ പ്രയത്‌നം  മാറ്റിയെഴുതിയത്
ജനമറിയുമിനി  ഇവിടെ  ജീവിച്ച എന്നിലൂടെന്ന് !

 

 

പൊതുപണിമുടക്ക് 

സാധ്യത  ഏറ്റമുണ്ടിന്ന്  പൊതുപണിമുടക്കി –
– ന്നാഹ്വാനം  ഉണ്ടാകാൻ , ഒരു ദിനമുടനെ .
കുതിക്കുന്നിന്ധന  വില ഉയരുന്നില്ലെടുക്കളപ്പുക
ചിലവാക്കാൻ ചില്ലറപോലുമില്ല ; പുഴ മുക്കി അതും .
സമരം  ശക്തമായൊരായുധം , സായുധമാകാം
നൂതനമാധ്യമങ്ങളശ്വങ്ങളായി  കുതറിയോടും .
നാൽക്കവല  വിജനം , തിരക്കുവതിനിയാരോട് ?
Website   ഒന്നും പറഞ്ഞില്ലേ ?  സഞ്ചാരി ,കാത്തിരിക്കൂ .
സായിപ്പിൻറെ  കൈയ്യിൽ കാണും Dollar   എന്തെങ്കിലും
Cycle ൻറെ  പുറകിലേറ്റി , ഒഴിഞ്ഞ  പാടത്തേക്ക് …
“Why  no …..?”
കൃഷിയെവിടേന്നോ? വിശന്നിട്ടോ?
പ്രാതലിനോ ? ചായക്കോ ? ഒരു പഴംപൊരി തരാം .
“Why  no …..?”
 പണിയൊന്നുമില്ലേന്നോ ? ചീട്ടുകളി വേണ്ടെന്നോ?
സായിപ്പിനെന്തറിയാം ? ഞാനും യോഗ്യതയുള്ളവൻ  തന്നെ.
കൊടിയെടുത്തവർ  വരുന്നു , Police ഉണ്ട്  പുറകെ .
“Why  no …..?  “
 Network  ഇല്ലെന്നോ  ? ഭാഷ  വശമില്ലെന്നോ?
ഇഴയുന്നു ജന്മങ്ങൾ നീതി തേടി; ഇല്ലവർക്കിന്നു
സാധിക്കാനാകില്ലൊന്നും  തടയുമെല്ലാം, പൊതുപണിമുടക്ക് !
“Why  no …..? “
തെല്ലുമില്ലേ  മര്യാദയെന്നോ ? അവകാശങ്ങളുണ്ട്
നേടാൻ !  ആർക്കുണ്ട് ഉത്തരവാദിത്തമെന്നോ?
സഹജീവിയൊരാൾ  തലപൊളിഞ്ഞു  കിടക്കുന്നു road ൽ !
ഒന്നിച്ചൊരു  selfie  എടുക്കാം , അതിനു  കിട്ടും കുറേ  Like !
“Why  no ..?”
 ഞാനൊരു  ദുഷ്ടനാണെന്നോ?  എന്ത് ?
എനിക്ക് തീരേ     മനഃസാക്ഷി  ഇല്ലേന്നോ?
തട്ട് ദോശ  കിട്ടിയില്ലേലും വേണ്ടെന്നോ ?
ജീവനും കൊണ്ടോടുന്നോ  സായിപ്പ് ?
“Why  no ..?”
ലക്ഷ്യബോധമില്ലാത്തോരെന്നോ ?
ഇനി വരില്ലൊരിക്കലും  എന്നോ?
ഈ God’s  Own  Country  ലേക്ക് !