ഒറ്റമരം (Lonely  tree )

നനഞ്ഞ സായാഹ്നം .
സൂര്യ പ്രകാശം മേഘങ്ങൾക്കിടയിലൂടെ പുറത്തുവരാൻ വഴി കാണാതെ കുഴങ്ങി . സൂക്ഷിച്ചു നോക്കിയാൽ മാത്രം വ്യക്തമാകുന്ന രൂപങ്ങൾ .
നിശ്ചലമായ പ്രകൃതി .
നേർത്ത തണുപ്പ് കുന്നിൻ ചെരിവിലൂടെ പറമ്പിലേക്ക് അരിച്ചിറങ്ങി .

നനഞ്ഞ ഇലകളിൽ നിന്നും ഇറ്റു  വീഴുന്ന  ജലകണങ്ങൾ അവിടെ സംഗീതമായില്ല. പറമ്പിൽ മ്ലാനത താളം കെട്ടി നിന്നിരുന്നു .

സന്ധ്യക്ക്‌ കൂടണയാൻ എത്തുമെന്ന് പ്രതീക്ഷിച്ച കിളി  വന്നില്ല!
ഇനി ഒരിക്കലും വരില്ലായിരിക്കും !
കൂടു അവിടെ   ഉണ്ടായിരിക്കില്ല !

സന്ധ്യ ഇരവിന്‌  വഴിമാറിയിട്ടും  മരത്തിൽ നിന്ന് ചെറിയ കിളി കുഞ്ഞുങ്ങൾ ഇടയ്ക്കു ചിലക്കുന്നതു  കേൾക്കാനേയില്ല .

കൂടു അവിടെ ഉണ്ടായിരിക്കില്ല !

സസ്യങ്ങളെല്ലാം സ്നേഹത്തിൻറെ  അടയാളങ്ങളായിരുന്നു.

മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും  പൂച്ചെടികളും  എല്ലാം. അവിടെ എന്തെല്ലാം ജീവികൾ ഉണ്ടായിരുന്നു
നല്ല  ഭംഗിയുള്ള പൂമ്പാറ്റകൾ  , അവയ്ക്കു തേൻ നുകരാൻ നാനാ   വർണ്ണ പ്പൂക്കൾ  , മരച്ചില്ലകളിൽ ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാർ  പഴുത്ത മാങ്ങകൾ കൊത്തിത്തി ന്നുന്ന   പക്ഷികൾ .
സ്നേഹം ഒന്ന് മാത്രം ഉണ്ടായിരുന്നവിടെ.
ഇടയ്ക്കു  സന്ദർശനത്തിനെത്തുന്ന പാണ്ടൻ പോലും   ചെവിതാഴ്ത്തി , വാലാട്ടി  സമയമാകുമ്പോൾ  മടങ്ങും..
  —————————————

നന്മ മാത്രം ഉണ്ടായിരുന്ന  ആ പറമ്പിൽ ആദ്യം അസ്വസ്ഥത പടർത്തിയത്  അവരാണ് .

മറ്റേതോ ഭാഷ ഉറക്കെ സംസാരിച്ചു , അടുപ്പു കത്തിച്ചു  ഭക്ഷണമുണ്ടാക്കിക്കഴിച്ചു  അവർ മടങ്ങുമ്പോൾ  ചാമ്പ നിന്നിരുന്നിടത്തു  സ്കൂൾക്കുട്ടിയുടെ   ചിത്രമുള്ള കൂറ്റൻ പരസ്യ ബോർഡ് ഉയർന്നിരുന്നു .
ഒന്നും മനസ്സിലാവാതെ നിന്ന ഇലഞ്ഞിയെ മന്ദാരം  സഹായിച്ചു.
” കുട്ടികൾ  ഇവിടെ കളിക്കാൻ വരും അത് തന്നെ”.
“ധൂളി പറത്തി  കുട്ടികൾ കളിച്ചു തിമിർക്കുന്നതു കാണാൻ ചാമ്പ ഇല്ലല്ലോ “
പേര മരം  ഗദ്ഗദമടക്കാൻ  പാടുപെട്ടു . ” പനിനീർ ചാമ്പയ്ക്ക  കുട്ടികൾക്കെല്ലാം  എന്തിഷ്ടമാണ് . എന്നിട്ടും അതെന്തിന് വെട്ടിക്കളഞ്ഞു?”
“നിറയെ നിശറല്ലേ “
കിളവി നെല്ലി കാരണം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.

“നിശറു  കടിച്ചാൽ  കുട്ടികൾ  വരുമോ?”

നെല്ലി തന്നെ പറ്റി  പറഞ്ഞതാണെന്ന്  പേരയ്ക്കു തോന്നി.
എന്തോ ഒരു സമാധാനക്കുറവ്  വള്ളികളെ പ്പോലെ  സൂക്ഷ്മമായി പടർന്നു കയറി .
സാക്ഷികളായി  നിന്ന സസ്യങ്ങൾ ഓരോന്നായി വീണു .
അവ മഴുവിൻറെ വെട്ടേറ്റു  വീണു
കിളിക്കൂടുകൾ താഴെ  വീണു
മുട്ടകൾ  പൊട്ടിച്ചിതറി .
പഴങ്ങളെല്ലാം  പണിക്കു വന്ന ആളുകൾ  പങ്കിട്ടെടുത്തു .
പുസ്തകത്താളുകളിൽ  വയ്ക്കാൻ പോലും ആരും പൂക്കളിറുത്തെടുത്തില്ല .
അവ ചതഞ്ഞരഞ്ഞിരുന്നു.

വിത്തുകൾ പോലും  സൂര്യനെക്കാണാതെ  തകർന്നടിഞ്ഞു ഇലകൾക്കൊപ്പം ചാരമായി മാറി. യന്ത്രക്കൈകൾ മുരണ്ടുകൊണ്ടു  വന്നു പറമ്പു ഒരു പാഴ്‌മരുവാക്കി  മാറ്റി .

ആളുകളുടെ എണ്ണം കൂടി വന്നു .യന്ത്രങ്ങളുടെ ഹുങ്കാര  ശബ്ദവും.
ഇരമ്പി വന്ന വലിയ വാഹനങ്ങൾ അതിർത്തി വരച്ചതിനപ്പുറം  കല്ലും മണലും  കൂട്ടിയിട്ടു  . ഈ പറമ്പു പൂർണ്ണമായി രൂപാന്തരപ്പെട്ടിരിക്കുന്നു !
 ഒരു മൂവാണ്ടൻ മാവ് മാത്രം  വെട്ടുകൊള്ളാതെ  പറമ്പിൻറെ  മുൻപിൽ തന്നെ പടർന്നു പന്തലിച്ചു  നിന്നു .
ആരും കൂട്ടില്ലാതെ !
ഒറ്റയ്ക്ക് !
ഒറ്റമരം !
               ————————————————
ഒറ്റയ്ക്കായിരുന്നില്ല !
ഒരു കാവൽക്കാരനുണ്ടായിരുന്നു കൂട്ടിന്‌.

ഒറ്റമരമായതുകൊണ്ടു ഞാൻ ഒരുപാട് സൂക്ഷിച്ചു നിന്നു ..

ഓരോ മനുഷ്യനെ കാണുമ്പോഴും , വാഹനങ്ങളുടെ ഭയങ്കരമായ ശബ്ദം കേൾക്കുമ്പോഴും  ഞാൻ പേടിച്ചു. വാളുകൾ  എന്നെ അറുത്തെടുക്കുന്നതു ഞാൻ പേടിസ്വപ്നം കാണാറുണ്ട് .
ഞാൻ ഞെട്ടും .
ഒറ്റമരത്തിൽ കൂടുവച്ചിരുന്ന കിളി  അപ്പോൾ  ചിറകടിച്ചു കരയും!
കാവൽക്കാരൻ ഇരിക്കുന്ന കസേരയുടെ മുകളിൽ ഞാൻ തണൽ വിരിച്ചു . രാവും പകലും മൂത്രപ്പുരയുമായി . അയാളുടെ തൊപ്പി എൻറെ  ചില്ലയിൽ തൂക്കി .
———————————————————–
‘സാധ്യമെങ്കിൽ   ഈ മരം വെട്ടിക്കളയണ്ട”  സാരിയിൽ  മനോഹരിയായ മാന്യ വനിത പറഞ്ഞു.
“വേണ്ട ! ഇതിൻറെ  ഇലകൾ വീണു സ്കൂളിൻറെ  മുൻവശം  വൃത്തികേടാകും . അത് കണ്ടാൽ  കുട്ടികളെ ഇവിടെ ചേർക്കാൻ വരുന്ന  മാതാപിതാക്കൾ നമ്മുടെ സ്കൂൾ വൃത്തിഹീനമായ  സമീപനമാണ് കൈക്കൊള്ളുന്നതെന്നു  കരുതും “
ചുണ്ടുകൾക്ക് മുകളിലും താഴെയും മാത്രം രോമമുള്ള തടിയനായ മനുഷ്യൻ  തീരുമാനമെടുത്തിരുന്നു !
    ——————————————————-
വൈകുന്നേരം .
ഇന്നാട്ടിലെ  പുതിയ വിദ്യാലയത്തിൻറെ  നിഴൽ പറമ്പിൽ നിറഞ്ഞു .
അവിടെ എൻ്റെ  നിഴൽ ഉണ്ടായിരുന്നില്ല!
ഞാനും ഉണ്ടായിരുന്നില്ല !
illustration Shreya SusanZacharia

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.