സകല ചരാചരങ്ങളും
പട്ടുപോയൊരു
ദുരന്തപൂരിതമാം പാഴ്മരു –
വിന്നീ ഭൂമി .
കഴിഞ്ഞു പോയ യുഗങ്ങൾ മറന്നുകാണുമോ
കൊഴിഞ്ഞുപോയൊരാ സൂക്ഷ്മതാളുകൾ .
തളിർത്ത ചെടികൾ, വിരിഞ്ഞ പൂവുകൾ
കിളിർത്ത നാമ്പുകൾ , കാറ്റിലുലയും ചില്ലകൾ .
സൂര്യോദയത്തിനുണരും പക്ഷികൾ പാടും
അതിലൊഴുകിയെത്തും വെൺ മേഘങ്ങൾ .
ധൂളിപറത്തി തളരും പൊൻ വെയിൽ
മാഞ്ഞുപോകും മാരിവില്ലും സന്ധ്യയിൽ
മണ്ണിലുയരും ആശകളുമായ് പുതച്ചുറങ്ങും കിനാവുകൾ
കൂട്ടിനുണ്ട് പുഴയും അങ്ങകലെ
മലനിരയും
നിഴലുകൾ ബാക്കിവച്ചാ സുന്ദര നാളുകൾ മാഞ്ഞു .
തേനിൻറെ ,പൂവിൻറെ ഗന്ധമോർമ്മയായി വെളിച്ചമണഞ്ഞു .
മഞ്ഞുപാളികൾ ഉരുകി,കടലുയർന്നു
പൊങ്ങി
മഴതിമിർത്തു , പുഴ കവിഞ്ഞു ,മലകൾ മണ്ണോടുചേർന്നു
വന്യജാലം തീയിൽ വെന്തു വെണ്ണീറായി പറന്നകന്നു
വയലുകൾ വരണ്ടുണങ്ങി പ്രതീക്ഷകൾ പാഴായി .
ആരവം നിലച്ചു ! മനുഷ്യൻ എന്നേ
മരിച്ചു !
അമ്മയാം ഭൂമിയെ മറന്ന അതേ നാൾ !