ഭക്ഷണം തേടിയലയുന്നു ഞാനുമിനിയിന്ന്
കാട്ടിലും മേട്ടിലും കായ്‌പിടിക്കാത്ത പാഴ്മരച്ചോട്ടിലും
കത്തുന്ന വയറെനിക്കുണ്ട്, കായുന്ന മനസ്സും
കാത്തിരിക്കുന്നെൻറെ വരവിനായാ പിന്മുറക്കാർ
തീർക്കണം ഞാനവർക്കായ് ആശ്രയം
കണ്ടുവച്ചിരുന്നു ഞാനിവിടെ വിശപ്പിന്നുത്തരം
മൂത്തു പഴുത്തു വിളഞ്ഞു നിന്ന പൊൻപ്രതീക്ഷകൾ
കൊടുംകാറ്റത ദൂരെ പിഴുതെറിഞ്ഞാൽ
മലയിടിഞ്ഞു മണ്ണുവന്നു മൂടിപുതഞ്ഞാൽ
ഞാനുമെൻ കനവുകളും വഴുതിവീഴുന്നു തകരുന്നു
വിശന്നിട്ടു ഞാൻ കാടുകേറി നിലമൊരുക്കാൻ മരമറുത്തു
വിശന്നിട്ടു ഞാൻ പാടത്തിറങ്ങി വാഴക്കുല ചീന്തി
കാറ്റിനെ ജയിക്കാൻ പാറ തകർത്തു വീടൊരുക്കി
തൊണ്ടനനയ്ക്കാൻ നഗരമിളക്കി നിരത്തിലിറങ്ങി
മുന്നിൽ നിൽക്കുന്നതാര് ? വഴിമുടക്കുന്നതാര് ?
നരിയോ നരനോ ?
പന്നിയോ മന്നനോ ?
ആനയോ മാനവനോ?
ഒരു വെടിയൊച്ച !
സൂത്രമറിയുന്നവൻ അവൻ!