ഒന്നൊന്നായി ഉയരുന്ന തിരകൾ . ചിതറുന്ന വെളിച്ചം .
സുന്ദരമായ നീലക്കടൽ തീരത്തലയടിച്ചുയർന്നു മെല്ലെ പിന്തിരിയുന്നു.
ദൂരെ ശക്തമായ കാറ്റ് തിരകളിലൂടെ പായ്‌വഞ്ചികളെ ഓടിക്കുന്നു .
ജലോപരിതലത്തിലേക്ക് താഴ്ന്നു പറന്നു മത്സ്യങ്ങളെ ഇരയാക്കുന്ന പക്ഷികൾ .
സ്വർണ്ണനിറത്തിൽ വെള്ളി അലങ്കാരം
സൂര്യശോഭ കൂടുതൽ ചുവന്നു തുടുത്തു .
സായാഹ്നസവാരിക്കു വന്ന ആളുകളുടെ തിരക്കിൽ തീരം മുങ്ങാൻ തുടങ്ങി .
” ഇന്ന് മാലിന്യം ശേഖരിക്കേണ്ടത് നീയാണ് മെർലിൻ “
അമ്മയുടെ ശബ്‍ദം കേട്ടു മെർലിൻ നീന്തിച്ചെന്നു .
“‘അമ്മ എപ്പോൾ വന്നു?”
“ഇന്നലെ സുഖമില്ലാതായ ഡോൺ ചേട്ടനെ കണ്ടോ?”
“കണ്ടു.
ശരീരമാസകലം കറുത്ത എണ്ണ പുരണ്ടിരിക്കുന്നു!
പാവം . നീന്താനാവാതെ ഒരു ഡോൾഫിൻ എന്ത് ചെയ്യും?
സൂക്ഷിച്ചു വേണം നീയും പോയവരാൻ .”
“ശരിയമ്മേ “
മെർലിൻ തീരം ലക്ഷ്യമാക്കി നീന്താൻ തുടങ്ങി .
നിധികാക്കുന്ന നീരാളി സംസാരിക്കുന്നതിനിടയിൽ രോഷം കൊണ്ട് എട്ടു കൈകളും ആഞ്ഞു വീശി .
” ആമസണ്ണൻറെ മരണത്തിനുത്തരവാദികളെ ഞെക്കികൊല്ലുക .”
സ്രാവ് ആരോടെന്നില്ലാതെ പറഞ്ഞു
“തോടുണ്ടെന്നു അഹങ്കരിച്ചതാ ….. പക്ഷെ പ്ലാസ്റ്റിക് തിന്നാൽ ചത്തതു തന്നെ..”
“ഈ കടലില്ലെങ്കിൽ നമ്മളുണ്ടോ?… മഴയുണ്ടോ?… കാറ്റുണ്ടോ ?…
പിന്നെ ഈ കരയാകുന്ന ഭൂമി യുണ്ടോ?…”
കുഞ്ഞു മത്സ്യങ്ങൾ വേഗം നീന്തുന്നതിനിടയിൽ തിരിഞ്ഞു നോക്കി . ഒരു ഭീമൻ കപ്പൽ ഒച്ചയുണ്ടാക്കികൊണ്ടു അവരെ പിടികൂടാൻ വരുന്നുണ്ട് .
“ഒഴുക്കിനെതിരെ നീന്തുന്നതായിരുന്നു ഇതിലും ഭേദം .
ഇവിടെ ഒളിച്ചിരിക്കാൻ പോലും ഒന്നുമില്ല .”
സുന്ദരമായ പവിഴപ്പുറ്റുകൾ സകലതും ദ്രവിച്ചു പോയി.
ഒരു കാലത്തു വന്നിടിക്കുന്ന കൂറ്റൻ പായ്ക്കപ്പലുകളെ ചിന്നഭിന്നമാക്കിയിരുന്ന അവ മനുഷ്യർ കടലിൽ തള്ളിയ മാലിന്യത്താൽ തകർന്നു .
“നമുക്ക് കൂടില്ലാതായി .”
വെളുത്ത മീനുകൾ ഒരു തകർന്ന വിമാനത്തിൻറെ ഉള്ളിൽ കയറി ഒളിച്ചു .
കറുത്ത മുഖംമൂടികൾ അവിടെ ഞാന്നു കിടന്നാടി .
സുഖമുള്ള കടൽക്കാറ്റേറ്റു നടക്കാൻ വന്നവരുടെ തിരക്കിൽ തീരം കൂടുതൽ ശബ്ദായമാനമായി . തിരകളുടെ താളം ആരും കേട്ടില്ല. തീരത്തെ കുടിലുകളിൽ വിശപ്പിൻറെവിളി ഉയരുന്നതും ആരും കേട്ടില്ല; കടലമ്മ പോലും .
മെർലിൻ തൻറെ വാലുകൊണ്ട് തൻറെ ചുറ്റും ഒഴുകി നീങ്ങുന്ന തിരസ്ക്കരിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു സൂക്ഷിക്കാനായി തകർന്ന യുദ്ധക്കപ്പലിലേക്കു നീന്തി . പെട്ടെന്നു കാഴ്ച മറച്ചു കൊണ്ട് പ്ലാസ്റ്റിക് കണങ്ങൾ മൂടൽ മഞ്ഞുപോലെ നിറഞ്ഞു . മെർലിനു ശ്വാസം മുട്ടി .
ബോധം കെട്ടുപോയ മെർലിൻ തീരത്തടിഞ്ഞു .
അവളുടെ വാൽ തൂക്കിയെടുത്തു ഒരാൾ അവളെ കരയിലേക്ക് എറിഞ്ഞു .
തുടർച്ചയായി മിന്നുന്ന മൊബൈൽ ക്യാമറ ഫ്ലാഷുകൾ ചുവന്നു തിളങ്ങുന്ന മണൽത്തരികൾക്കു രത്ന ശോഭയേകി . മെർലിൻ തൻറെ രത്നക്കുപ്പായത്തിനുള്ളിൽ നെഞ്ചുപൊട്ടിക്കരഞ്ഞു കടലമ്മയെ വിളിച്ചു.
സമുദ്രം പിൻവലിയുന്നതു തീരത്തു കൂടിനിന്നവർ കണ്ടില്ല. അവർ സെൽഫി യെടുക്കുന്ന തിരക്കിലായിരുന്നു ……
സുനാമി തിരകൾ തിരികെ പോയപ്പോൾ മെർലിനെ സുരക്ഷിതയായി അവളുടെ വീട്ടിലെത്തിച്ചു .
അവലംബം
നാളേക്കുവേണ്ടി…..