സേവനം സമൂഹത്തിനു ചെയ്യണം
ദൃഢ പ്രതിജ്ഞ യെടുത്തു ഞാൻ .
ഇന്നുറക്കമുണർന്നയുടൻ !
ധവള വർണ്ണമണിഞ്ഞു പതയും
ചുടു ദുഗ്ദ്ധം കൈതട്ടി താഴെവീണല്ലോ !
അല്ലായിരുന്നെങ്കിൽ !
വിശന്നുനിൽക്കുമാ വഴിവക്കു കുടിലിലെ
കരയുംഉണ്ണിക്കു പകുതി നൽകിയേനേ ഞാൻ .
സൃഷ്ടിയോരോന്നും കടന്നെത്തുമീ
ശാന്തമൂകമാം അന്ത്യഗോപുരം .
സന്ധ്യയാകുമ്പോൾ നോക്കിയിരിക്കുന്നതിലേക്കവർ സൂക്ഷ്മം !
നേരമൊട്ടുമിന്നില്ലെനിക്ക്
അല്ലായിരുന്നെങ്കിൽ !
കൂടെയിരുന്നു കേട്ടറിഞ്ഞേനേ ,
പല അമ്മൂമ്മക്കഥകളും
അപ്പൂപ്പൻ താടിയിലൊളിക്കും ഓർമ്മകളും .
ധീരനായ ജവാനെപ്പോൽ
ജീവിതമടർക്കളമായവർ
വേറിട്ട ശേഷി കൊണ്ടു വിസ്മയം തീർക്കുന്നവർ
സന്നദ്ധ പ്രവർത്തനം നടത്താം അവർക്കായി .
ഡിസംബർ മൂന്നിന് !
എനിക്കറിയില്ലല്ലോ
അവർക്കെന്തു വേണമെന്ന് .
ഒരധരവ്യായാമം , അർത്ഥശൂന്യമായ വാക്കുകൾ
പറഞ്ഞു തീർത്താലോ ?
പത്രത്തിലിട്ടാലോ?
“തെരുവുനായ്ക്കളലഞ്ഞു നടക്കുന്നോ ?
കടലിരമ്പി കരകവർന്നെന്നോ?”
(മാലിന്യം ഞാനെവിടെ മറയ്ക്കും ?)
“തളരുന്ന ഭൂമി! തകരുന്ന അമ്മ!
മാസങ്ങളായി മൂടുന്ന പുക “
ഞാനിപ്പോൾ ഏതു ശരിയാക്കും?
സകലതും സങ്കടകഥയല്ലോ
ആശയക്കുഴപ്പം !
ആശയകന്നു!
സാമൂഹ്യ സേവനം പിന്നെയാകട്ടെ !